Wednesday, November 25, 2009

മാഞ്ഞു പോയ മുഖങ്ങളും മറയാത്ത ഓര്‍മകളും........


ജീവിതയാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ അനവധി മുഖങ്ങള്‍...അവ സമ്മാനിച്ച അനേകം ഓര്‍മ്മകള്‍ ....ഇവയൊക്കെ ഈ രാത്രിയില്‍ എന്തിനാണെന്നറിയാതെ ഓര്‍ത്ത്‌ പോയി. ഹൃദയത്തില്‍ അങ്ങിങ്ങായി ചിതറിക്കിടന്ന ഏടുകള്‍ ഒരുമിപ്പിച്ചു ഒരു സമ്പൂര്‍ണ ചിത്രം മെനയുകയായിരുന്നു എന്റെ ലക്ഷ്യമെങ്കിലും ഓര്‍മയ്ക്ക് വശംവദരാകാതെ എന്നെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ടു പല ഭാഗങ്ങളും മാറി നില്ക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. അപൂര്‍ണമായ ആ ചിത്രം നോക്കി അതിലെ ഒഴിഞ്ഞ ഭാഗങ്ങള്‍ നികത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്ന എന്നെ നോക്കി കാലം പരിഹസിക്കുന്നുണ്ടായിരിക്കാം.അവയില്‍ പലതും എനിക്ക് പ്രിയപെട്ടതായിരുന്നിരിക്കാം.എന്നെ ഇന്നു കാണുന്ന ഞാനാക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചവ..എന്നിട്ടും അവയുടെ ഉറവിടം എന്റെ ഓര്‍മയില്‍ നിന്നും മാഞ്ഞു തുടങ്ങിയിരിക്കുന്നു..


അതില്‍ ഒന്നു നീയായിരുന്നു..എന്റെ ജീവിത പരിണാമത്തില്‍ ഏറ്റവും കുടുതല്‍ വഴിതിരിവുകള്‍ക്ക് കാരണമായതും ,ആ മാറ്റങ്ങള്‍ക്കൊക്കെയും സാക്ഷിയായതും നീയായിരുന്നല്ലോ?? മരണത്തിനു മാത്രമെ നമ്മെ പിരിക്കാന്‍ കഴിയുകയുള്ളൂ എന്നും, നീയില്ലാതെ എനിക്കൊരു ജീവിതമില്ലെന്നും, അങ്ങനെ അങ്ങനെ എത്രെയോ വിശ്വാസങ്ങളും സ്വപ്നങ്ങളും ഞാന്‍ നീയുമായി പങ്കുവെച്ചു... അപ്പോഴും വിധി മറ്റൊന്നായിരുന്നു..കണ്ടു കൊതി തീരാത്ത സ്വപ്നങ്ങളും മോഹങ്ങളും സത്യത്തിനു മുന്നില്‍ എന്നെ വിട്ടകലുന്നത് ഞാനറിഞ്ഞു...ജീവിതം അവസാനിച്ചു എന്ന് കരുതിയ നാളുകള്‍....


"മറക്കാന്‍ പറയാന്‍ എന്തെളുപ്പം....
മണ്ണില്‍ പിറക്കതിരിക്കുകയാണ് അതിലേറെ എളുപ്പം "


ഇതായിരുന്നു...എന്റെയും വിശ്വാസം....


കാലത്തിന്റെ കുത്തൊഴുക്ക് എന്നിലും മാറ്റങ്ങള്‍ വരുത്തി.....അതെ ഇന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു....കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ല....അതിന് തെളിവ് എനിക്ക് എന്റെ ജീവിതം തന്നെ.. അല്ലെങ്കില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ ഉള്ളിടത്തോളം കാലം നിന്നെ പിരിയാന്‍ കഴിയില്ല എന്ന് വിശ്വസിച്ച എനിക്ക് , ഇന്നു നിന്റെ മുഖം ഓര്‍മയില്‍ തിരയേണ്ടി വരില്ലായിരുന്നല്ലോ!!!


അതെ....ഞാന്‍ നിന്റെ മുഖം മറന്നിരിക്കുന്നു...നിന്റെ ഓര്‍മകളും അവ എന്നില്‍ വരുത്തിയ മാറ്റങ്ങളും എന്നില്‍ അവശേഷിക്കുമ്പോഴും....എന്റെ ഓര്‍മകളിലെ മൂടല്‍മഞ്ഞിനുള്ളിലായി കഴിഞ്ഞിരിക്കുന്നു നിന്റെ മുഖവും.....ആ മൂടല്‍ അകലാന്‍ ഇന്നു ഞാന്‍ ആഗ്രഹിക്കുന്നുവോ??

അതിന്റെ മറുപടി എന്റെ കുഞ്ഞിന്റെ കരച്ചിലായി എന്റെ കാതില്‍ വന്നു പതിച്ചു.


അതെ ജീവിതം ചിലപ്പോഴൊക്കെ അപ്രതീക്ഷിതമാണ്...ഞാന്‍ വീണ്ടും എന്റെ ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയത് പോലെ......

~RANJUUS~

No comments:

Post a Comment